
SAMPLE CHAPTER
1
ആമുഖം
നന്ദി! നിങ്ങളുടെ ജീവിതശൈലീ മെച്ചപ്പെടുത്തുന്നതിനും, അമിതവണ്ണം കുറയ്ക്കുന്നതിനും, നിയന്ത്രിക്കുന്നതിനും, ജീവിതശൈലീ രോഗങ്ങളിൽ നല്ല മാറ്റങ്ങൾ വരണം എന്നാഗ്രഹിക്കുന്നവരും എസ്കാസോ കോഡ് എന്ന ഈ പുസ്തകം തിരഞ്ഞെടുത്തതിൽ ആദ്യമായി നിങ്ങളോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കഴിഞ്ഞ അനേകം വർഷങ്ങളായി അമിതവണ്ണമുള്ളവരും പലതരം ഡയറ്റുകൾ പിന്തുടരുന്നവരും പലവിധ വ്യായാമങ്ങൾ ചെയ്യുന്നവരും, വ്യായാമങ്ങൾ ചെയ്യാൻ സാധിക്കാത്തവരും, പലവിധ ജീവിതശൈലീ രോഗങ്ങൾ, പ്രതേകിച്ചു പ്രമേഹം, ഫാറ്റി ലിവർ, പോളിസിസ്റ്റിക് ഓവറി ഡിസീസ്, കുട്ടികളില്ലാത്ത പ്രശ്നത്തിന് ചികിത്സിക്കുന്നവർ, ഹൃദ്രോഗമുള്ളവർ, സ്ലീപ് അപ്നിയ, കാൻസർ രോഗികൾ എന്നിവരുമായി അടുത്തിടപഴുകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എല്ലാവരും വളരെ കൃത്യമായി മരുന്നുകൾ കഴിക്കുന്നവരും, മറ്റ് ചികിത്സകൾ നടത്തുന്നവരുമാണ്. ഭൂരിഭാഗം പേരോടും ഡോക്ടർമാർ അമിതവണ്ണം കുറയ്ക്കണം എന്ന് നിർദ്ദേശിച്ചിട്ടുള്ളതുമാണ്. ഇത്തരം അസുഖങ്ങൾ മൂലവും അമിതമായ ശരീരഭാരം മൂലവും കഷ്ടപ്പെടുന്നവർക്ക് എങ്ങനെ ഭാരം കുറയ്ക്കാം എന്നതിനെക്കുറിച്ചു കാര്യമായ ബോധ്യമില്ല എന്നതാണ് സത്യം. കാരണം ശാരീരികമായി ഓടുവാനും ചാടുവാനും മറ്റ് വ്യായാമങ്ങൾ ചെയ്യുന്നവർക്ക് മാത്രമേ ശരീരം ഭാരം കുറയ്ക്കാൻ സാധിക്കൂ എന്നൊരു തെറ്റിദ്ധാരണ നമ്മളിലുണ്ട്.
എസ്കാസോ കോഡ് എന്ന ഈ പുസ്തകം ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
( യോഹന്നാൻ 8 : 32 )
യേശു പറയുന്നു സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നാൽ സത്യം ആദ്യം കയ്പേറിയതായിരിക്കും. നമ്മൾ പലപ്പോഴും നമ്മളെക്കുറിച്ചുള്ള സത്യം അറിയാൻ ശ്രമിക്കുന്നില്ല. നമ്മുടെ ബലഹീനതകൾ, നമ്മുടെ മോശം ശീലങ്ങൾ, പ്രത്യേകിച്ച് നമ്മുടെ ഉദ്ദേശങ്ങൾ. എന്നാൽ നാം ചെയ്യുന്നത് എന്താണെന്നും എന്തിനാണെന്നും വ്യക്തമായി മനസ്സിലാക്കുന്നത് വരെ മാറ്റങ്ങൾ എല്ലാം തന്നെ താൽകാലികമായിരിക്കും.
ജനങ്ങൾ ആഗ്രഹിക്കുന്നത് താത്കാലികമായ റിസൾട്ടുകളല്ല എന്നെനിക്കറിയാം. അവർ അന്വേഷിക്കുന്നത് ശരിയായ അറിവുകളാണ്. എങ്ങനെയാണ് ഞാൻ വണ്ണം കൂടുന്നത്, ഭക്ഷണം ഒഴിവാക്കിയിട്ടും ധാരാളം കഷ്ടപ്പെട്ട് വ്യായാമങ്ങൾ ചെയ്തിട്ടും എന്റെ അമിതവണ്ണം കുറയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് കഷ്ടപ്പെട്ട് ഞാൻ അമിതവണ്ണം കുറച്ചാലും അല്പദിവസത്തിനകം കുറഞ്ഞ ഭാരം തിരിച്ചു വരുന്നത്? എന്തുകൊണ്ടാണ് എനിക്ക് പ്രമേഹം വന്നത്? എന്ത് കൊണ്ട് എനിക്ക് അമിതരക്തസമ്മർദ്ദം? എന്തുകൊണ്ട് മറ്റൊരു പ്രശ്നങ്ങളില്ലെങ്കിലും കുഞ്ഞുങ്ങളില്ലാത്തത്? എന്തുകൊണ്ട് എനിക്ക് പി സി ഓ ഡി ? ഈ അസുഖങ്ങളുടെയെല്ലാം യഥാർത്ഥ കാരണങ്ങൾ രോഗിക്ക് മനസ്സിലായാലേ അവരുടെ ചികിത്സകൾക്ക് നല്ല ഫലങ്ങൾ ലഭിക്കുകയുള്ളു.ജനങ്ങളും ഇതറിയാൻ ആഗ്രഹിക്കുന്നു. പക്ഷെ പലപ്പോഴും അമിതവണ്ണം അല്ലെങ്കിൽ അല്പം വയർ ചാടിയതാണ് എന്റെ പ്രശ്നം എന്ന് അവർ വിചാരിക്കുന്നു. അമിതവണ്ണവും ഭക്ഷണരീതികളും, അസുഖങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലാക്കുവാൻ അവർ പരാജയപ്പെടുന്നു. ചികിത്സിക്കുന്നവരിൽ പലരും ഈ ബന്ധങ്ങളുടെ, കാരണങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഇത്തരം അസുഖങ്ങൾക്ക് മരുന്ന് കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഈ മരുന്നുകൾ ഉപേക്ഷിക്കാൻ സാധിക്കുകയില്ല എന്ന മിഥ്യാബോധവും ജനങ്ങളുടെ ഇടയിലുണ്ട്.
എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെച്ചൊല്ലി വളരെയധികം തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. ദിവസവും പരസ്പര വിരുദ്ധമായ ഉപദേശങ്ങളും പഠനങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. നിലവിലുള്ള അമിതവണ്ണം കുറയ്ക്കുന്ന കാര്യങ്ങളാണെങ്കിൽ അവ വളരെയേറെ വേദനകളും, കഷ്ടപ്പാടുകളും നിറഞ്ഞതാണ്. ഡയറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. വ്യായാമങ്ങളാണെങ്കിൽ പലർക്കും ചെയ്യാൻ സാധിക്കാത്തതും. എന്നാലും നമ്മൾ എങ്ങനെയെങ്കിലും ശരീരത്തെ കഷ്ടപെടുത്തിയിട്ടാണെങ്കിലും അതെല്ലാം ചെയ്യുവാൻ ശ്രമിക്കുന്നു. കാരണം അതുമാത്രമാണ് ഏക പോംവഴി എന്ന തെറ്റിദ്ധാരണ സമൂഹത്തിൽ വളർന്നിരിക്കുന്നു, അല്ലെങ്കിൽ വളർത്തിയിരിക്കുന്നു. ദിവസവും പലവിധത്തിലുള്ള ഡയറ്റുകൾ വന്നുകൊണ്ടിരിക്കുന്നു, ഭാരം കുറയ്ക്കാനായി പുതിയ വസ്തുക്കൾ ഇറങ്ങുന്നു, നമ്മുടെ ശരീരത്തിന്റെ പ്രതിച്ഛായയെ തന്നെ പലരും മോശമായി ചിത്രീകരിക്കുന്നു. വികാരപരമായ ഭക്ഷണരീതികൾ, അനന്തമായ ഡയറ്റിങ്ങുകൾ, പട്ടിണികിടക്കൽ, സ്വന്തം ശരീരത്തോടുള്ള വെറുപ്പ്, മോശമായ ഭക്ഷണരീതികൾ ഇതെല്ലാം പ്രശ്നം സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും അമിതവണ്ണത്തിന്റെയും ജീവിതശൈലീ രോഗങ്ങളുടെയും തോത് കൂടിക്കൊണ്ടേയിരിക്കുന്നു.
ഭക്ഷണത്തെക്കുറിച്ചുള്ള ആധി, വണ്ണം കൂടുന്നതിനെക്കുറിച്ചുള്ള ആശങ്ക, ജീവിതശൈലീ രോഗങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ, അതിന്റെ ചികിത്സകൾ ഇതെല്ലാം നമ്മെ വ്യക്തിപരമായി ശാരീരികമായും മാനസികമായും തളർത്തുന്നു. നമ്മുടെ പ്രവർത്തനക്ഷമതയും ഉത്പാദനക്ഷമതയും കുറയ്ക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ നമ്മൾ പിന്തുടരുന്ന ഭൂരിഭാഗം ഭക്ഷണരീതികളും, നമ്മളെ നിർബന്ധിച്ച് കാര്യങ്ങൾ ചെയ്യിക്കുന്നു, ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് കഴിക്കാൻ പ്രേരിപ്പിക്കുന്നു, ശരീരത്തെകൊണ്ട് അമിതമായി വ്യായാമങ്ങൾ ചെയ്യുന്നതിന് നിർബന്ധിക്കുന്നു, ഭക്ഷണത്തെ വെറുക്കുവാൻ പഠിപ്പിക്കുന്നു. അവസാനം നമ്മൾ സ്വന്തം ശരീരത്തെത്തന്നെ ഇഷ്ടപെടാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
ഇതിനെല്ലാം ഒരു മാറ്റം വരുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വന്തം ശരീരത്തിന്റെ കഴിവുകളെ കുറിച്ച് നിങ്ങൾ മനസ്സിലാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മാറ്റുന്നതിനും സ്വന്തം ശരീരത്തെ നിങ്ങൾ ശരിയായ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ശരീരത്തിന്റെ കഴിവുകളെ കുറിച്ച് പോസിറ്റീവായി സംസാരിക്കാൻ നിങ്ങൾക്ക് സാധിക്കണം. ഭക്ഷണം സന്തോഷത്തോടെ കഴിക്കാൻ നിങ്ങൾക്ക് സാധിക്കണം.
ഈ കാലഘട്ടത്തിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് അമിതവണ്ണം, രോഗ പ്രതിരോധശേഷി, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, രോഗങ്ങൾ ചികില്സിക്കുമ്പോൾ ഭക്ഷണരീതികളിൽ ശ്രദ്ധിക്കേണ്ട ആവശ്യകത, ഭക്ഷണം കഴിക്കുന്നതിന്റെ മനഃശാസ്ത്രം, പോഷകാംശങ്ങൾ ഇല്ലാത്ത ഭക്ഷണം ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ, എന്നിവയെകുറിച്ചെല്ലാം ഇതിൽ പ്രതിപാദിപ്പിക്കുന്നു.
ഫിസിയോതെറാപ്പി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുമ്പോൾ ശരീരത്തിന്റെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച ലഭിച്ച എന്റെ അറിവുകൾ, സന്ധി വേദനകളും, സ്‌ട്രോക്കും പ്രമേഹവും ആയ രോഗികളെ അവരുടെ റീഹാബിലിറ്റേഷൻ നടത്തുമ്പോൾ കിട്ടിയ അനുഭവങ്ങളും, ക്ലിനിക്കൽ ന്യൂട്രിഷൻ & ഡയറ്റെറ്റിക്സ് പഠിച്ചപ്പോൾ കിട്ടിയ ഭക്ഷണത്തെ കുറിച്ചും അവ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവുകളും, പുതിയ ഗവേഷണങ്ങൾ, ശാസ്ത്രപഠനങ്ങൾ, ഞങ്ങൾക്ക് വരുന്ന രോഗികളുടെ അനുഭവങ്ങൾ, അവരുടെ ശരീരത്തിലെ മാറ്റങ്ങൾ എന്നിവയെ വിശകലനം ചെയ്തു കിട്ടിയ ഫലങ്ങളും , ഒരു ഹെൽത്ത് & വെൽനെസ്സ് കോച്ച് എന്ന നിലയിൽ, ഒരു വ്യക്തിയെ എങ്ങനെ അവരുടെ ശരീരത്തെ കുറിച്ച് മനസ്സിലാക്കി, അവരുടെ പരിമിതികളെ മറികടന്ന്, അവർക്ക് സ്വയം അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും കുറയ്ക്കുവാനും നിയന്ത്രിക്കുവാനും സാധിക്കുമെന്ന് അറിഞ്ഞു രൂപപെടുത്തിയെടുത്തതാണ് എസ്കാസോ കോഡും, ജി.ഡി.ഡയറ്റും, എസ്കാസോ എന്ന സ്ഥാപനത്തിലെ പ്രോഗ്രാമുകളും. ഈ പുസ്തകത്തിനാധാരമായ ശാസ്ത്രപഠനങ്ങളെക്കുറിച്ചും, ഗവേഷണങ്ങളെക്കുറിച്ചുമെല്ലാം Main Reference എന്ന അവസാനഭാഗത്ത് കൊടുത്തിട്ടുണ്ട്.എസ്കാസോയിൽ വരുന്ന വ്യക്തികളെ പഠിപ്പിക്കുന്ന ചികിത്സാ രീതികളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.
വിശ്വാസത്തെകുറിച്ച് ദൈവവചനകളിലൂടെ കിട്ടിയ അറിവുകളും, ദൈവം മനുഷ്യന്റെ ശരീരത്തിനെ എങ്ങനെ കാത്തുപരിപാലിക്കുന്നു എന്ന് മനസ്സിലാക്കിയതും, അവിടത്തെ വാഗ്ദാനങ്ങളും അവിടത്തോടുള്ള വിശ്വാസവും ഈ പുസ്തകത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
അമിതവണ്ണം കുറയ്ക്കാനുള്ള അനേകം പുസ്തകങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാകാം. വിവിധതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാകാം. വിജയിച്ചിട്ടുണ്ടാകാം, പരാജയപ്പെട്ടിട്ടുണ്ടാകാം. അതെല്ലാം നിങ്ങൾ മറക്കുക. ഒരു പ്രത്യേക ഡയറ്റ് ഇതിൽ പറയുന്നില്ല. മറിച്ച് സാധാരണയായി എങ്ങനെയാണ് നമ്മുടെ ശരീരം പ്രവർത്തിക്കുന്നത്, എങ്ങനെ ഭക്ഷണം കഴിച്ചാലാണ് അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നതും, നിയന്ത്രിക്കാൻ സാധിക്കുന്നതും, വ്യായാമങ്ങളുടെ സ്ഥാനം എന്താണ്? എന്തിനാണ് വ്യായാമങ്ങൾ ചെയ്യുന്നത്? ഭക്ഷണം കഴിക്കുന്നതിന്റെ മനഃശാസ്ത്രം എന്താണ്, ഏതു പ്രായക്കാർക്കും എങ്ങനെ ഇത് ഫലപ്രദമാക്കാം, ഇത്തരം കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതു വ്യായാമങ്ങൾ എന്നതിനേക്കാളുപരി, എപ്പോഴാണ് വ്യായാമങ്ങൾ നമ്മുടെ ശരീരത്തിൽ ഗുണമുണ്ടാക്കുന്നതെന്നും, എന്തിനാണ് വ്യായാമങ്ങൾ ചെയ്യേണ്ടതെന്നും പറയുവാനാണ് ഞാൻ ശ്രമിക്കുന്നത്.
അമിതവണ്ണത്തിന്റെ ആഴത്തിലുള്ള ശാസ്ത്രീയ വിശദീകരണങ്ങളോ, ശരീരത്തിനെകുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളോ ഒന്നും തന്നെ ഈ പുസ്തകത്തിലില്ല. കാരണം അതെല്ലാം നിങ്ങൾ വായിച്ച പുസ്തകങ്ങളിൽ നിന്ന് നിങ്ങൾക്കറിവുള്ളതായിരിക്കുമല്ലോ?.
എന്റെ ഉദ്ദേശം, അമിതവണ്ണമുള്ള ഒരു വ്യക്തിക്ക്, അത് കുട്ടികളായാലും, മുതിർന്നവരായാലും, ശാസ്ത്രത്തിന്റെ, മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരായാലും ശരി, വളരെ എളുപ്പത്തിൽ, അമിതവണ്ണത്തെ എങ്ങനെ പ്രായോഗികമായി നിയന്ത്രിക്കാമെന്നും, ജീവിത ശൈലീ രോഗങ്ങൾ മരുന്നുകൾ കൊണ്ട് ചികിത്സിക്കുമ്പോൾ, നല്ല ഭക്ഷണശീലങ്ങൾ പാലിക്കുന്നതിന്റെ ആവശ്യകത എന്താണെന്നും മനസ്സിലാക്കി കൊടുക്കുകയാണ്. ലളിതമായി സാധാരണ ജനത്തിന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുവാൻ ഞാൻ വളരെയധികം ശ്രമിച്ചിട്ടുണ്ട്.
ഇത് കേവലം ഒരു അറിവ് എന്ന നിലയിൽ കാണാതെ, നിർബന്ധമായും ശീലിക്കേണ്ട നിർദ്ദേശങ്ങളായി കണക്കാക്കണം. ഇന്ന് മുതൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുകയും വേണം. ഇതിലെ നിർദ്ദേശങ്ങളെല്ലാം തന്നെ വളരെ എളുപ്പമുള്ളതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഭക്ഷണം കഴിക്കുവാൻ സമയമുണ്ടാക്കണം
ഡോക്ടർമാരും, മറ്റ് ആരോഗ്യരംഗത്തെ വിദദ്ധദർക്കും ഇത് വെറുതെ വായിച്ചു പോകാവുന്നതാണ്.
നിങ്ങൾ ഏത് ഭക്ഷണക്രമം പിന്തുടരുന്നവരാണെങ്കിലും, ഏത് വ്യായാമ രീതികൾ ചെയ്യുന്നവരാണെങ്കിലും, അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിലും, നല്ലൊരു ജീവിതശൈലീ ആഗ്രഹിക്കുന്നവരാണെങ്കിലും, ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പ്രയോജനപ്പെടും.
എന്നാൽ എസ്കാസോ സെന്ററിൽ ഞാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ജി.ഡി.ഡയറ്റ്® എന്ന ഭക്ഷണക്രമം പിന്തുടരുന്നു. ഈ ഭക്ഷണക്രമത്തെക്കുറിച്ച് എസ്കാസോ കോഡ് എന്ന പുസ്തകത്തിലെ 8 അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഞങ്ങളുടെ സഹായത്തോടെ ജി.ഡി.ഡയറ്റ്® പിന്തുടരണമെങ്കിൽ എസ്കാസോ സെന്ററിലോ, ഓൺലൈനായോ പ്രോഗ്രാം ചെയ്യാവുന്നതാണ്.
ഈ പുസ്തകത്തിൽ ആരോഗ്യപരമായ ജീവിതത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശ്ശങ്ങൾ നിങ്ങൾക്ക് നൽകുന്നു. എന്നാൽ ഇപ്പോൾ നിലവിലുള്ള നിങ്ങളുടെ അസുഖങ്ങളുടെ ചികിത്സ നിർദ്ദേശിക്കുന്ന പുസ്‌തമല്ല. മറിച്ച് അമിതവണ്ണവും, ഏത് ജീവിതശൈലീ രോഗങ്ങളും ചികിത്സിക്കുമ്പോൾ, ഭക്ഷണരീതികളിലും ജീവിതശൈലീകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
എസ്കാസോ കോഡ്, ജി.ഡി.ഡയറ്റ്® എന്നിവ നിങ്ങളെ കുറിച്ച്, ശരീരത്തെക്കുറിച്ച് ഭക്ഷണവുമായുള്ള ശരീരത്തിന്റെ ബന്ധത്തെക്കുറിച്ച്, ദൈവം ദാനമായി തന്ന ശരീരത്തിന്റെ കഴിവുകളെക്കുറിച്ച്, നമ്മുടെ ലക്ഷ്യങ്ങളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കി തരുന്നു.
നിങ്ങൾ എളുപ്പവഴികളാണ്, ഷോർട്ട് കട്ടുകളാണ് നോക്കുന്നതെങ്കിൽ, ഈ പുസ്തകം താഴെ വക്കാം . എന്നാൽ നിങ്ങൾ ദൈവത്തോടും നിങ്ങളോടും മറ്റുള്ളവരോടും സത്യസന്ധത പുലർത്തികൊണ്ടു നല്ലൊരു ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തുടർന്ന് വായിക്കാം
പ്രത്യേകം ശ്രദ്ധിക്കുക : പ്രമേഹമോ, മറ്റ് രോഗങ്ങളോ ഉള്ളവർ ഇതിൽ പറയുന്ന ജീവിതശൈലീ മാറ്റങ്ങൾ വരുത്തുമ്പോൾ, നിങ്ങളുടെ രക്തപരിശോധനകൾ, കൂടെ കൂടെ നടത്തേണ്ടതും, നിങ്ങൾ കാണുന്ന ഡോക്ടർമാരെ കണ്ട് മരുന്നുകൾ ക്രമീകരിക്കേണ്ടതുമാണ്. സ്വയം ചികിത്സ ചെയ്യാതിരിക്കുക. ഉദാഹരണത്തിന്, ഇതിൽ പറയുന്ന രീതിയിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ നിയന്ത്രണവിധേയമാകാം.ആ അവസ്ഥയിൽ പ്രമേഹത്തിനു മരുന്നുകളോ, ഇൻസുലിനോ ഉപയോഗിക്കുന്നവർ, അവരുടെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ഇൻസുലിന്റെ അളവുകൾ കുറയ്‌ക്കേണ്ടതായി വരാം. സ്വയമായി മരുന്നുകൾ കുറയ്ക്കുകയോ, കൂട്ടുകയോ ചെയ്യാതിരിക്കുക.
എസ്കാസോ സെന്ററിൽ പ്രോഗ്രാം ചെയ്യുന്നവർക്ക്, ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. രക്തപരിശോധനകളും, അവയുടെ ഫലങ്ങളും നിർദ്ദേശിക്കുന്നതും, പരിശോധിക്കുന്നതും മെഡിക്കൽ ഡോക്ടർമാരായിരിക്കും.
അമിതവണ്ണം ഒരു അസുഖമാണ്. വളരെയധികം, ശ്രദ്ധയും പരിചരണവും വേണ്ട ഒരു അസുഖം. അമിതവണ്ണം കുറയ്ക്കുന്നത് ഒരു സൗന്ദര്യവർദ്ധക ചികിത്സയുമല്ല. വിദഗ്ദരായ ഡോക്ടർമാരുടെയും, നുട്രിഷിനിസ്റ്റുകളുടെയും, ഹെൽത്ത് കോച്ചുകളും, ഫിസിയോതെറാപ്പിസ്റ്റുകളുടെയും ഒരു ടീം തന്നെ ഇതിനാവശ്യമാണ്.
grab your copy of ESCASO CODE at introductory price of
Rs.899/-
from amazon & notionpress.com
-
Paperback : 304 pages
-
ISBN-10 : 1648997694
-
ISBN-13 : 978-1648997693
-
Publisher : Notion Press (14 August 2020)
-
Language: : Malayalam