top of page

ഹോർമോൺ, പി.സി.ഓ.എസ്. & വന്ധ്യതാ

Updated: Sep 4, 2021

ഈ കാലഘട്ടത്തിൽ പ്രമേഹവും അമിതവണ്ണവും വർദ്ധിച്ചു വരുന്നതുപോലെതന്നെ ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യതാ പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്നതായി കാണാം. നമ്മുടെ ജീവിതശൈലികളും ഭക്ഷണശീലങ്ങളും മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വിസറൽ ഫാറ്റും (Visceral Fat - ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ്) വർദ്ധിക്കുന്നതും ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കും വന്ധ്യതയ്ക്കും കാരണമാകുന്നു.


സ്ത്രീകളിൽ ഇത്തരം ഹോർമാൺ വ്യതിയാനങ്ങൾ PCOS ന് (Polycystic Ovarian Syndrome) കാരണമാകുന്നു. ഗവേഷണങ്ങൾ പറയുന്നത് PCOS ഉണ്ടാകുന്നത്, സ്ത്രീകളിലെ ഭക്ഷണശീലങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും ഇൻസുലിനിലും മറ്റ് ഹോർമോണുകളിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമാണെന്നാണ്.

ക്രമംതെറ്റിയ ആർത്തവം, വേദന, മുഖക്കുരു, മുഖത്തെ രോമവളർച്ച, മുടി കൊഴിച്ചിൽ, വയറിലെ കൊഴുപ്പ് വർദ്ധിക്കൽ, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് എന്നിവ PCOS ന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. PCOS ഉള്ളവർക്ക് വന്ധ്യത, ഗർഭം അലസാനുള്ള സാധ്യത എന്നിവയും ഉണ്ടാകാം. പി.‌സി.‌ഒ.‌എസ് ഉള്ള സ്ത്രീകൾക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മിക്ക സ്ത്രീകളും PCOS ന്റെ ആദ്യ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. എന്നാൽ ഗർഭധാരണത്തിൽ പ്രശ്‌നം നേരിടുമ്പോൾ ഡോക്ടർമാരെ കാണുകയും ചികിത്സകൾ ആരംഭിക്കുകയും ചെയ്യും. ചെറുപ്പത്തിൽ ഒരു പെൺകുട്ടി അമിതമായി വണ്ണം വയ്ക്കുമ്പോൾ, അത് ഒരു സൗന്ദര്യപ്രശ്നമായി മാത്രമായാണവർ അതിനെ കാണുന്നത്. ഭക്ഷണം കൂടുതൽ കഴിച്ചതുകൊണ്ടാണിതെന്ന് വിചാരിച്ച് ഡയറ്റ് എന്ന പേരിൽ ഭക്ഷണം ഒഴിവാക്കുകയും അമിതമായി വ്യായാമങ്ങൾ ചെയ്ത് ശരീരത്തെ കഷ്ടപെടുത്തുകയും ചെയ്യും. എന്നാൽ എന്തെല്ലാം ഹോർമോൺ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടാണിത് സംഭവിച്ചെന്ന് ആരും മനസിലാക്കുവാൻ ശ്രമിക്കാറില്ല. നാട്ടുകാരും വീട്ടുകാരും കുട്ടി വണ്ണം വയ്ക്കുന്നതിനെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീയ്ക്ക് (20%) PCOS ബാധിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. വന്ധ്യതാ പ്രശ്നങ്ങളും ഇതിനോടൊപ്പം കൂടുന്നുവെന്ന് ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.

എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും വന്ന മാറ്റങ്ങൾ സ്ത്രീകളിലെ PCOS നും വന്ധ്യതയ്ക്കും, ആണുങ്ങളിലെ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിനും അതുമൂലമുണ്ടാകുന്ന വന്ധ്യതയ്ക്കും കരണമാകുന്നുവെന്നാണ്. ആണുങ്ങളിലും മോശം ജീവിത-ഭക്ഷണ ശീലങ്ങൾ ഇൻസുലിന്റെയും മറ്റ് ഹോർമോണുകളുടെയും താളം തെറ്റലിനും കാരണമാകുന്നു. മാത്രമല്ല അമിതമായി വയർ ചാടുക, സ്ത്രീകളിലെ പോലെ സ്തനങ്ങൾ വളരുക, പുരുഷ ബീജത്തിന്റെ അളവ് കുറയുക, എന്നിവയ്ക്ക് കാരണമാകും.

നല്ല പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, ക്രമം തെറ്റിയ ഭക്ഷണ ശീലം, അതുമൂലമുണ്ടാകുന്ന ഇൻസുലിൻ വ്യതിയാനങ്ങൾ, അമിതവണ്ണം, മാനസികമായ സ്ട്രെസ്സ്, വിഷാദരോഗങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ജോലിത്തിരക്കുകൾ, വ്യായാമങ്ങളുടെ കുറവുകൾ, ഇവയെല്ലാം ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

80% PCOS ഉള്ള സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ഇൻസുലിൻ ഹോർമോണിന്റെ താളം തെറ്റൽ അമിതവണ്ണത്തിന് കരണമാകുമെന്നത് കൊണ്ട് ഭക്ഷണശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടത് PCOS കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഏറ്റവും പ്രധാനമായി ചെയ്യേണ്ടതാണ്. ഏത് ചികിത്സയായാലും ഭക്ഷണ ശീലങ്ങളും ജീവിതശൈലിയിലും ശരിയായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചികിത്സകൾക്ക് ഫലം ലഭിക്കുകയുള്ളു. പി.സി.ഓ.എസ്. ഉണ്ടെങ്കിൽ നിർബന്ധമായും നിങ്ങൾ പ്രമേഹം (Diabetes) ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇനി മുഴുവനായി പ്രമേഹം ആയിട്ടില്ലെങ്കിലും അതിന് തൊട്ടുമുൻപുള്ള അവസ്ഥയാണെങ്കിലും ശ്രദ്ധിക്കുക. ഇതിനെ പ്രീ ഡയബെറ്റെസ് (Pre-Diabetes) എന്ന് പറയുന്നു. ഈ അവസരത്തിൽ തന്നെ നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹം വരാതെ തടയാൻ നിങ്ങൾക്ക് സാധിക്കും.

PCOS ഒരു ആജീവനാന്ത രോഗാവസ്ഥയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും ശരീരഭാരവും ഉപയോഗിച്ച് ഒരാൾക്ക് ഇത് വളരെ ഭംഗിയായി നിയന്ത്രിക്കാൻ കഴിയും. എസ്കാസോയിൽ വളരെ എളുപ്പമുള്ളതും, വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതുമായ ഭക്ഷണശീലങ്ങൾ പരിശീലിപ്പിക്കുന്നു. നല്ല ഭക്ഷണങ്ങൾ കഴിക്കുകയും അതിലൂടെ നല്ല പോഷകാംശങ്ങൾ ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു കാരണവശാലും നല്ല ഭക്ഷണങ്ങൾ ഒഴിവാക്കരുത്. പലരും ശരീരഭാരം കൂടുന്നത് കാണുമ്പോൾ ഭക്ഷണം കുറച്ചു കഴിക്കുകയും കൂടുതൽ വ്യായാമങ്ങൾ ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഭക്ഷണശീലങ്ങൾ എപ്പോഴും വിദഗ്ധോപദേശം ലഭിച്ചതിന് ശേഷം മാത്രം ചെയ്യുക.




bottom of page