എന്തുകൊണ്ട് പല ഡയറ്റുകളും പരാജയപ്പെടുന്നു ?

കഴിഞ്ഞ ആഴ്ച എസ്കാസോയിൽ കൺസൽറ്റേഷന് വന്ന ഒരു 22 വയസ്സുള്ള പെൺകുട്ടി, പറഞ്ഞത് കഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ ഫ്രൂട്ട് ഡയറ്റ് ആണ് നോക്കിയിരുന്നത്. ഒന്നര വർഷം കൊണ്ട് ഞാൻ പത്തുകിലോ ശരീര ഭാരം കുറച്ചു. എന്നാൽ അത് നിർത്തി സാധാരണ ഭക്ഷണത്തിലേക്ക് വന്നപ്പോൾ രണ്ട് മാസം കൊണ്ട് ഞാൻ പതിനഞ്ചു കിലോ കൂടി. ഇപ്പോൾ ഈ കുട്ടിയ്ക്ക് രാവിലെ എഴുന്നേറ്റാൽ അസിഡിറ്റി കാരണം പുളിച്ച വെള്ളം ചർദ്ധിക്കും. പി.സി.ഓ.ഡി. വളരെ കൂടി. ബോഡി കോമ്പോസിഷൻ അനാലിസിസ് എടുത്തപ്പോൾ, സാധാരണ ഉണ്ടാകേണ്ടതിൽ വളരെ കുറവ് പേശികളുടെ ഭാരം. ഫാറ്റ് 47% ശതമാനം. ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എന്തിനാണ് ഭാരം കുറയ്ക്കുന്നത്? നിങ്ങൾ ഭാരം കുറഞ്ഞപ്പോൾ ഏതു ഭാരമാണ് കുറഞ്ഞത് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ? ? കൂടുതലുള്ള കൊഴുപ്പാണോ അതോ ശരീരത്തിനാവശ്യമായ പേശികളുടെ ഭാരമാണോ? എന്ത് കൊണ്ടാണ് നിങ്ങൾ ഒന്നര കൊല്ലം കൊണ്ട് കുറച്ച പത്തുകിലോ, രണ്ടു മാസം കൊണ്ട് പതിനഞ്ചു കിലോ കൂടിയത്? എന്ത് കൊണ്ടാണ് നിങ്ങൾക്ക് പി.സി.ഓ.ഡി.? എന്തുകൊണ്ട് ഇത്രയൂം അസിഡിറ്റി? ഒന്നിനും ആ കുട്ടിക്ക് ഉത്തരമില്ല. എസ്കാസോയിലും അവർ വന്നിരിക്കുന്നത് എങ്ങനെയെങ്കിലും കുറച്ചു ഭാരം കുറയുമോ എന്ന് വിചാരിച്ചിട്ടാണ്? അതിന് വേണ്ടി എന്തിനും അവർ തയ്യാറാണ്. പട്ടിണി കിടക്കണോ ? ഫ്രൂട്ട് മാത്രം കഴിക്കണോ? പൊടി കലക്കി കുടിക്കാണോ? എന്തിനും റെഡി. അതായത് നമ്മുടെ സാധാരണ ഭക്ഷണം കഴിക്കുക എന്നതൊഴിച്ച് എന്തും ചെയ്യും. ഇത് കൊണ്ടാണ് പലപ്പോഴും പലർക്കും ഡയറ്റുകൾ പിന്തുടരാൻ സാധിക്കാത്തത്. നല്ല ഭക്ഷണങ്ങൾ ഒഴിവാക്കി പൊടികളോ, ജ്യൂസുകളോ കഴിക്കുമ്പോൾ, അല്ലെങ്കിൽ ഫ്രൂട്ട് മാത്രം കഴിക്കുമ്പോൾ നിങ്ങൾ കുറയ്ക്കുന്നത് കൂടുതലും ആവശ്യമുള്ള പേശികളുടെ ഭാരമായിരിക്കും. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ശരീരം ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ എല്ലാം മന്ദഗതിയിലാക്കും. ഉദാഹരണത്തിന്, ഭക്ഷണം കുറച്ചാൽ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് കുറയും, ഹൃദയത്തിന്റെ പ്രവർത്തനം കുറയും, രക്തയോട്ടം കുറയും, പേശികളുടെ പ്രവർത്തനക്ഷമത കുറയും, ശ്വാസകോശ പ്രവർത്തനം മന്ദഗതിയിലാകും, അതായത് ശരീരത്തിന്റെ എല്ലാ പ്രവർത്തനവും ശരീരം കുറയ്ക്കും. നമുക്ക് കൂടുതൽ ക്ഷീണമാകും. പേശികളിൽ നിന്ന് ഊർജ്ജം ശരീരം ഉപയോഗിക്കും. ഭക്ഷണം കുറയ്ക്കുന്നതുകൊണ്ട്, കിട്ടുന്നതിൽ നിന്ന് കൊഴുപ്പ് ശേഖരിച്ചു വച്ച് തുടങ്ങും. ശരീരത്തിൽ അധികമുള്ള കൊഴുപ്പിനെ വിട്ടുകൊടുക്കുകയുമില്ല. അതുകൊണ്ടാണ് പലരും പറയുന്നത്, ഞാൻ പട്ടിണി കിടക്കുംതോറും വണ്ണം കൂടുമെന്ന്. ഇത്തരം സാഹചര്യത്തിൽ ശരീരത്തിന് അധികം മുൻപോട്ട് പോകാൻ സാധിക്കില്ല. അവിടെ ഭക്ഷണത്തോടുള്ള ആസക്തി കൂടുന്നു. അല്പദിവസം ഭക്ഷണം കുറച്ചോ, പൊടി കലക്കിയോ, ഫ്രൂട്ട് മാത്രം കഴിച്ച് പിടിച്ചു നിന്ന നിങ്ങൾ എല്ലാം അവസാനിപ്പിച്ചു ആദ്യത്തേക്കാൾ കൂടുതൽ ഭക്ഷണം വാരി വലിച്ചു കഴിക്കുകയും, ആദ്യത്തെക്കാൾ കൂടുതൽ വണ്ണം വയ്ക്കുകയും ചെയ്യും. മാത്രമല്ല നമ്മുടെ ഹോർമോൺ പ്രവർത്തനങ്ങൾ, രക്തത്തിലെ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അളവുകൾ എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുകയും അതുമൂലം പല അസുഖങ്ങൾ ആരംഭിക്കുകയും ചെയ്യും.

നിങ്ങൾ അപ്പോഴും പറയും എന്ത് ഡയറ്റ് ചെയ്താലും കാര്യമില്ല, അത് നിർത്തിയാൽ വണ്ണം കൂടും. അതായത് ഭക്ഷണം ഒഴിവാക്കലാണ് ഡയറ്റ് എന്ന് നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നു.

കാലങ്ങളായി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനായി ലക്ഷകണക്കിന് ആളുകൾ വ്യത്യസ്ത ഭക്ഷണരീതികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ, ഇത്തരം ഭക്ഷണരീതികളിൽ പരാജയപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളും ഉണ്ട്. ഈ ഭക്ഷണങ്ങളെല്ലാം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെങ്കിൽ, അവയിൽ മിക്കതും അത് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് നിങ്ങൾ ഏത് ഭക്ഷണക്രമം ശ്രമിച്ചാലും അത് ഒരിക്കലും പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നത്? പല കാരണങ്ങളും ചൂണ്ടി കാണിക്കാം. നിങ്ങൾ പിന്തുടർന്ന ഭക്ഷണക്രമം നല്ലതായിരുന്നില്ല, വ്യക്തികൾക്ക് കൂടുതൽ കാലം അത് പിന്തുടരാൻ സാധിക്കാത്തതായിരിക്കാം. ഉദാഹരണത്തിന് ഞാൻ മുൻപ് സൂചിപ്പിച്ച ഫ്രൂട്ട് ഡയറ്റ്, ജ്യൂസ് ഡയറ്റ് എന്നിവ പലപ്പോഴും കാലങ്ങളോളം പിന്തുടരാൻ സാധിക്കാത്തതും, പിന്തുടർന്നാൽ തന്നെ പല ദൂഷ്യവശങ്ങൾ ഉള്ളതുമാണ്. ചില ഡയറ്റുകൾ വളരെ ചിലവേറിയതായിരിക്കാം, ഉദാഹരണത്തിന് ഫുഡ് സപ്പ്ളിമെന്റുകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിക്ക് ഡയറ്റുകൾ പരാജയമാകാം.


എന്നാൽ ഞാൻ പറയും, മിക്ക ഡയറ്റ് പ്ലാനുകളും പ്രവർത്തിക്കാത്തതിന്റെ യഥാർത്ഥ കാരണം, നമുക്ക് ആവശ്യമായ ഭക്ഷണങ്ങൾ പലപ്പോഴും ശരീരത്തിന് ലഭിക്കുന്നില്ല എന്നതുകൊണ്ടാണ്.

ശരീരം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് നല്ല ഭക്ഷണമാണ് ഏറ്റവും ആവശ്യം. എന്നാൽ അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം ഒഴിവാക്കുന്നതും ഈ നല്ല ഭക്ഷണങ്ങളാണ്. ശരീരം എപ്പോഴും നല്ല ഭക്ഷണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അത് യഥാസമയം ലഭിച്ചില്ലെങ്കിൽ ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിക്കും. അല്പദിവസം ഭക്ഷണം ഒഴിവാക്കിയ വ്യക്തി പിന്നീട് വാരി വലിച്ചു കഴിക്കുകയും ചെയ്യും. മിക്ക ഭക്ഷണക്രമങ്ങളും പ്രവർത്തിക്കാത്തതിന്റെ ഒരു കാരണം മിക്കതിലും ശരീരത്തിനാവശ്യമായ പോഷകാംശങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. ഇത്തരം ഭക്ഷണ രീതികൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത് നിങ്ങളുടെ ശരീരഭാരം എങ്ങെനെയെങ്ങിലും കുറയ്ക്കുക എന്നതാണ്. അല്പകാലത്തേക്ക് അല്പം ഭാരം കുറയ്ക്കുക എന്നതായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. അത്തരം രീതികൾ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും, അസുഖങ്ങളിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള നമ്മുടെ ആഗ്രഹത്തേക്കാൾ ശക്തമാണ് ശരീരത്തിന് ആവശ്യമായ നല്ല ഭക്ഷണം കഴിക്കാനുള്ള ശരീരത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ നല്ല യഥാർത്ഥ ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റ് പ്ലാനുകൾ കൂടുതൽ കാലം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുകയില്ല.

ഡയറ്റിംഗ് എന്നത് ദീർഘവും പലപ്പോഴും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ് എന്നതാണ് പൊതുവെയുള്ള ധാരണ. നമുക്കിഷ്ട്ടമുള്ള ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ സാധിക്കുകയില്ല, ചോറ് ഒഴിവാക്കേണ്ടി വരും. രുചിയായിട്ട് ഒന്നും കഴിക്കാൻ സാധിക്കുകയില്ല എന്നെല്ലാമാണ് നമ്മുടെ പൊതുവെയുള്ള ധാരണ. അതുകൊണ്ടാണ് പലരും ഡയറ്റൊന്നും നോക്കാൻ എനിക്ക് സാധിക്കില്ല എന്ന് പറയുന്നത്. ചിലർ ഞങ്ങളുടെ പ്രോഗ്രാമിന് ചേരുന്നതിന് മുൻപ് ധാരാളം ഭക്ഷണം കഴിച്ചിട്ട് വരുന്നത് കാണാം. കാരണമായിട്ട് അവർ പറയുന്നത്, ഇനി ഡയറ്റ് കഴിയാതെ ഒന്നും കഴിക്കാൻ സാധിക്കുകയില്ലലോ എന്നതാണ്.

എസ്കാസോയിൽ വന്നാൽ അത്തരം തെറ്റിദ്ധാരണകൾ നിങ്ങൾക്ക് മാറ്റം. കാരണം എവിടെ ഡയറ്റ് എന്ന് പറയുന്നത് ഭക്ഷണം കഴിക്കലാണ്. നല്ല ഭക്ഷണങ്ങളൊന്നും നിങ്ങൾ ഒഴിവാക്കേണ്ടതില്ല. ഈ നല്ല ഭക്ഷണങ്ങൾ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്നതാണ് പഠിക്കേണ്ടത്. അതിന് ഭക്ഷണം എപ്പോൾ കഴിക്കണം, എത്ര കഴിക്കണം, ഭക്ഷണങ്ങൾ തമ്മിൽ എങ്ങനെ ചേർക്കണം എന്നെല്ലാമാണ് പ്രധാനം. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനാണ് നിങ്ങൾ പരിശ്രമിക്കേണ്ടത്. അതിന് സമയം ആവശ്യമാണ്. പക്ഷെ കഠിനാധ്വാനമൊന്നും ആവശ്യമില്ല. എന്നാൽ മാത്രമേ ആരോഗ്യത്തോടെ, നിങ്ങളുടെ ശരീരത്തിന്റെ ശരീരഭാരം കുറയ്ക്കാനും, കുറഞ്ഞ ഭാരം നിലനിർത്തുവാനും സാധിക്കുകയുള്ളു.

ഏതെങ്കിലും ഭക്ഷണക്രമം വിജയിക്കണമെങ്കിൽ അതിന് ശക്തമായ അടിത്തറ ഉണ്ടായിരിക്കണം. യഥാർത്ഥ ഭക്ഷണം ഉപയോഗിച്ചുകൊണ്ടുള്ള ശക്തമായ അടിത്തറ. എന്നാൽ മാത്രമേ എളുപ്പത്തിൽ, ആ ഭക്ഷണക്രമം പിന്തുടരുവാൻ സാധിക്കുകയുള്ളു. അതില്ലാതെ വരുമ്പോഴാണ് ഡയറ്റ് പ്ലാനുകൾ പരാജയപ്പെടുന്നത്.

നല്ലൊരു ഭക്ഷണരീതി പഠിച്ചെടുത്തത്, നിങ്ങളുടെ കുടുംബം മുഴുവൻ മാറ്റം വരുത്താൻ സാധിക്കണം. അത് നിങ്ങളുടെയും കുട്ടികളുടെയും നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡയറ്റ് പ്ലാനുകൾ അമിതവണ്ണത്തെ നേരിടാൻ മാത്രമല്ല, ആരോഗ്യത്തിന് വേണ്ടികൂടിയാകണം.


Grinto Davy Chirakekkaren

Founder ESCASO® GDDiET®

Author ESCASO CODE

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

©2020 by Grinto Davy Chirakekkaren